ഒരിക്കല്‍ നബി(സ)യോടോത്തുള്ള ഒരു യാത്ര കഴിഞ്ഞു അലി(റ) വീട്ടില്‍ വന്നു. പ്രവാചകന്‍റെ പ്രിയപുത്രിയും തന്റെ സ്നേഹനിധിയായ പത്നിയും ആയ ഫാത്തിമ(റ)യെ കാണാനുള്ള ആഗ്രഹത്തില്‍ അലി(റ) വീടണഞ്ഞു. ആ സമയം ഫാത്തിമ(റ) സിവാക്(പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന അരാക് മരത്തിന്റെ കമ്പ്) ചെയ്യുകയായിരുന്നു. ഇത് കണ്ട അലി(റ), ഒരു കവിതയിലൂടെ തന്റെ സ്നേഹം പ്രകടിപ്പിച്ചു.
“അരാക് മരത്തിന്‍റെ കമ്പേ,
എത്ര ഭാഗ്യശാലിയാണ് നീ.....
ഭയമില്ലയോ നിനക്കെന്നെ..
ഈ മഹാഭാഗ്യം പുല്‍കുവാന്‍?
ഇത് നീയല്ലായിരുന്നെന്കില്‍, ഓ സിവാക്
നിനക്ക് എന്റെ കൈകളാല്‍ മരണമാകുമായിരുന്നു...
ഞാനല്ലാതെയില്ല ഒരാള്‍ക്കും ഈ ഭാഗ്യം,
ഓ സിവാക്, നീ കൂടാതെ...”
എത്ര പരിശുദ്ധമാണ് ആ പ്രണയം അല്ലെ? ഇത്തരമൊരു പ്രണയം നമ്മുടെയും സ്വപ്നമല്ലേ? പക്ഷെ എന്താണ് ചുറ്റിലും കാണുന്നത്..?പരസ്പവിശ്വാസമില്ലാത്ത ബന്ധങ്ങളാണ് ചുറ്റിലും. വിശ്വാസവഞ്ചനയുടെയും ഹിംസയുടെയും ഈശ്വര നിന്ദയുടെയും ഭയാനകമായ കഥകളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. എന്താണ് നമ്മുടെ സമുദായത്തിന് സംഭവിച്ചത്?സഹോദരാ/സഹോദരീ, നമ്മുടെ മതം ഇസ്ലാം ആണ്. അത് ഒരു ജീവിത ചര്യയായി പുല്കണം. ജീവിതത്തിന്റെ എല്ലാ കോണിലും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്നിട്ടും നമുക്കെന്തു പറ്റി?കാരണം ഇതാണ്,പ്രണയത്തിന്റെയും സ്ത്രീപരിചര്യയുടെയും തിരുസുന്നത്തു നാം മറന്നു.തിരുസുന്നത്ത് ദൈവഹിതത്തെയും,വിശ്വാസ്യതയെയും, വീരതയും,സ്നേഹത്തിന് വേണ്ടിയുള്ള ത്യാഗവും എല്ലാം വ്യക്തമായി വരച്ചു കാട്ടുന്നു.
പരിശുദ്ധ റസൂല്‍(സ) തങ്ങളുടെയും അവിടുത്തെ അനുചരന്മാരുടെയും ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നത് പരിശുദ്ധ സ്നേഹത്തിന്റെ ഗ്രാഹ്യമായ ഒരു സിദ്ധാന്തമാണ്.
സ്നേഹം, യഥാര്‍ത്ഥം ആയത്: ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള അവ്യാജമായ സ്നേഹം, അത് സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും പൊരുളായവന് സത്യമായി സമര്‍പ്പിച്ചവരുടെ ഹൃദയത്തില്‍, പ്രപഞ്ചനാഥനായ അല്ലാഹു നട്ട വിത്തില്‍ നിന്നും തളിരിടുന്നതാണ്. അറബിയില്‍ ‘ഹുബ്ബ്’ എന്ന പദം ആവിര്‍ഭവിച്ചത് ‘ഹാബ്’(വിത്ത്) എന്നാ പദത്തില്‍ നിന്നാണ്. ഈ രണ്ടു പദങ്ങളുടെയും നിര്‍വഹണപരമായ കര്‍ത്തവ്യം ഒന്ന് തന്നെ.
അമ്ര്‍ ബിന്‍ അല്‍-അസ്ര്‍ ഒരിക്കല്‍ ഒരു ദൌത്യ നിര്‍വഹണത്തിനായി നബി തങ്ങളാല്‍ നിയോഗിതനായി. അദ്ദേഹത്തെക്കാള്‍ മെച്ചപ്പെട്ട ഒരുപാട് വ്യക്തികളില്‍ നിന്നുമാണ് അദ്ധേഹത്തെ തിരഞ്ഞെടുത്തത്. ഇതില്‍ അഭിമാനം തോന്നിയ അദ്ദേഹം ഒരു കൂട്ടം ആളുകളുടെ മുന്നില്‍ വെച്ചു നബി തങ്ങളോട് “ആരെയാണ് തങ്ങള്‍ക്കു ഏറ്റവും ഇഷ്ട്ടം?” എന്ന് ചോദിച്ചു. ഈ ഒരു ചോദ്യത്തിന് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് നബി തങ്ങള്‍ പ്രതികരിച്ചത്. തങ്ങള്‍ പ്രതികരിച്ചത് തന്റെ പ്രിയപത്നി ആയിഷ(റ) യുടെ പേര് പറഞ്ഞു കൊണ്ടാണ്.
നബിതങ്ങള്‍ പഠിപ്പിച്ചിരുന്നു “നിങ്ങള്‍ ഒരു കൂട്ടുകാരനെ സ്നേഹിക്കുന്നുവെങ്കില്‍ അതവരെ അറിയിക്കുക”. ഇത് മനസ്സില്‍ വിചാരിച്ചാണ് അമ്ര്‍(റ) ഈ ചോദ്യം ചോദിച്ചത്. തന്റെ ചോദ്യം വ്യക്തമല്ല എന്ന വിചാരത്തില്‍ അമ്ര്‍(റ) വീണ്ടും ചോദിച്ചു “നബിതങ്ങളുടെ അനുചരന്മാരില്‍ ആരെയാണ് ഇഷ്ട്ടം?” എന്ന്.അതിനു നബി(സ)യുടെ മറുപടി ഇതായിരുന്നു, “ആയിഷയുടെ പിതാവ്...”.നബി തങ്ങള്‍ വിശേഷിപ്പിച്ചത് ‘അബൂബകര്‍ (റ)’എന്നായിരുന്നില്ല.ആയിഷ(റ) നബി തങ്ങളുടെ മനസ്സിലും ഹൃദയത്തിലും ഉള്ളത് കൊണ്ട് അതിനു മറുപടി പോലും ആയിഷ (റ)യെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു.
പ്രണയം :
ആയിഷ(റ) – അല്‍ ഹുമൈറ (പനിനീര്‍പ്പൂവിന്റെ കവിളോട് കൂടിയവള്‍),അങ്ങനെയാണ് ഭവതിയെ നബി തങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് – സത്യവിശ്വാസികളുടെ മാതാവ്, പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിരുന്നു. പ്രണയത്തിന്റെ തിരുസുന്നത്ത് ക്ഷണികബുദ്ധി ഉള്ളതോ,മായികമോ ആയിരുന്നില്ല. പരസ്പര വിശ്വാസത്തിലും നിഷ്കളങ്ക പ്രണയത്തിലും അടിയുറച്ചതാണ്.
ആയിഷ(റ)യും നബി (സ) തങ്ങളും ഇടയ്ക്കു അവര്‍ക്ക് മാത്രം മനസ്സിലാകുന്ന രീതിയില്‍ സംവദിക്കാറുണ്ടായിരുന്നു. അത് അവരുടെപ്രണയത്തിന് ഉദാഹരണമായിരുന്നു. ഒരിക്കല്‍ ആയിഷ(റ) ചോദിച്ചു “നബിയെ,അങ്ങേക്ക് എന്നോടുള്ള സ്നേഹം എങ്ങനെയാണ്?”. നബി തങ്ങള്‍ സ്നേഹത്തോടെ പറഞ്ഞു “ആയിഷാ, എനിക്ക് നിന്നോടുള്ള പ്രണയം ഒരു കയര്‍ ശക്തിയായി കുരുക്കിടുന്നത് എങ്ങനെയാണോ അങ്ങനെയാണ്”. എത്ര വലിക്കുന്നുവോ അത്രത്തോളം ശക്തമാകും അത്. ഇടയ്ക്കിടെ കളിയായി ആയിഷാ(റ)ചോദിക്കുമായിരുന്നു “കുരുക്ക് ഇപ്പോള്‍ എങ്ങനെ?” .അപ്പോള്‍ നബി തങ്ങള്‍ പറയും “ആദ്യം ചോദിച്ച ദിനം പോലെ തന്നെ ശക്തം”.
എങ്കില്‍ ഒന്ന് ചോദിക്കട്ടെ, എന്ത് പറ്റി നമ്മുടെ സമുദായത്തിന്? നബി തങ്ങള്‍ നമസ്ക്കാരത്തിനായി പുറപ്പെടുമ്പോള്‍ പത്നിയുടെ നെറ്റിയില്‍ ചുംബിച്ചു യാത്ര ചോദിച്ചായിരുന്നു പോകാറുണ്ടായിരുന്നത്. ഇന്നോ, സ്വന്തം ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മുഖത്ത് നോക്കി ചിരിക്കാന്‍ പോലും പലരും മറന്നിരിക്കുന്നു. തന്റെ പത്നിയുടെ മാല മരുഭൂമിയില്‍ നഷ്ട്ടപ്പെട്ടപ്പോള്‍ തന്റെ സൈന്യത്തെ അവിടെ തമ്പടിപ്പിച്ചു മാല തിരഞ്ഞ സ്നേഹമാണ് തങ്ങളുടേത്.
“ഇതാണ് പ്രണയത്തിന്റെ തിരുസുന്നത്തു”. അരികെയുള്ളതിനെ നീ പരിചരിക്കുക, അത് അകലെയുള്ളതിനു അസൌകര്യമെങ്കിലും.
നിങ്ങള്‍ക്കറിയാമായിരിക്കും നബി തങ്ങള്‍ പലപ്പോഴും തന്റെ ചെരുപ്പുകള്‍ സ്വയം നന്നാക്കാറാണ് പതിവ്. ഒരിക്കല്‍ ആയിഷ(റ)യോടൊത്ത് ചെരുപ്പുകള്‍ ശരിയാക്കുകയായിരുന്നു നബി. നബി(സ) തങ്ങളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നത് ആയിഷ(റ) കണ്ടു. തിരുശരീരത്തിലെ തിളങ്ങുന്ന വിയര്‍പ്പുകണങ്ങള്‍ നോക്കി ആയിഷ(റ) കുറെ നേരം ഇരുന്നു. ഇത് ശ്രദ്ധിച്ച നബി തങ്ങള്‍ കാരണമന്വേഷിച്ചു. ആയിഷ(റ) പറഞ്ഞു “കവിയായ അബൂബകര്‍ അല്‍ ഹുസാലി ഇപ്പോള്‍ അങ്ങയെ കണ്ടിരുന്നെങ്കില്‍,അദ്ദേഹം അറിഞ്ഞേനെ അദേഹത്തിന്റെ കവിത അങ്ങേക്ക് വേണ്ടി എഴുതിയതാണെന്ന്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് നബി തങ്ങള്‍ ചോദിച്ചു. ആയിഷ(റ) പറഞ്ഞു “അബൂബകര്‍ പറഞ്ഞത് ഇതാണ് :
“ ചന്ദ്രതേജസ്സിലേക്ക് നാം നോക്കുമ്പോള്‍,
എല്ലാവര്ക്കും കാണുവാന്‍ വേണ്ടി
അത് ജ്വലിക്കുകയും മിന്നുകയും ചെയ്യുന്നു.”
ഇത് കേട്ട നബി(സ) തങ്ങള്‍ എഴുന്നേറ്റു ആയിഷ(റ)വിന്റെ അടുത്തേക്ക് നടന്നു,സ്നേഹത്തോടെ ആയിഷ(റ)വിന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു
“ ആയിഷാ, അല്ലാഹുവാണെ സത്യം, നീയെനിക്കത് പോലെയോ അതിലേറെയോ ആണ്......”
ഇതാണ് പ്രണയത്തിന്റെ തിരുസുന്നത്ത്.
ഇത് ആദ്യ നോട്ടത്തിലെ പ്രണയമല്ല. ഓരോ നോട്ടത്തിലും ആയിരങ്ങളായി ഇരട്ടിക്കുന്ന അവ്യാജമായ പ്രണയമാണ്............................
യാ അല്ലാഹ്, നിന്റെ സ്നേഹവും സമാധാനവും മുഹമ്മദ്(സ) യുടെ ഉമ്മത്തില്‍ നിറക്കേണമേ....
യാ അല്ലാഹ്, നിന്റെ പരിപാവനമായ സ്നേഹം ഞങ്ങളില്‍ എത്തിക്കേണമേ...
യാ അല്ലാഹ്, ഞങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹം നീ ഞങ്ങളില്‍ എത്തിക്കേണമേ......
(പ്രചോദനം:യഹ്യാ ഇബ്രാഹിം)
(കവിതകളും മറ്റും മലയാളത്തിലേക്ക് പകര്‍ത്തിയത്തില്‍ തെറ്റുകളുണ്ടാകാം... സദയം ക്ഷമിക്കുക.... ഇതില്‍ എന്തെങ്കിലും നല്ലത് ഉണ്ടെങ്കില്‍ അത് രക്ഷിതാവായ അല്ലാഹുവില്‍ നിന്നാണ്..തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് എന്റെതാണ്.. പ്രാര്‍ഥനയില്‍ ഈ വിനീതനെയും ഉള്‍പ്പെടുത്തുക... )